എ.ഡി. 345-ൽ കേരളത്തിന്റെ പ്രമുഖ തുറമുഖമായ മുസ്സിറീസ് (കൊടുങ്ങല്ലൂർ) പട്ടണത്തിൽ, വാണിജ്യ ശ്രേഷ്ഠനായ ക്നായി തോമയുടെയും,ഉറഹായിലെ മാർ യൗസേപ്പ് മെത്രാന്റെയും നേതൃത്വത്തിൽ കുടിയേറിയ ജനതയുടെ സന്തതി പരമ്പരയാണ് ഇന്ന് കോട്ടയം രൂപതയിലും ചിങ്ങവനം ഭദ്രാസനത്തിലുമുള്ള തെക്കുംഭാഗ വിശ്വാസികൾ.
ഏഴ് ഗോത്രങ്ങളിലെ 72 കുടുംബങ്ങൾ കേരളത്തിൽ എത്തിയപ്പോൾ അന്നത്തെ കേരള ചക്രവർത്തിയായിരുന്ന ചേരമാൻ പെരുമാൾ സ്വന്തം നാമം കൂട്ടിച്ചേർത്തുള്ള “കോ ചേരകോൻ”ബഹുമതി ക്നായിത്തോമയ്ക്ക് കൊടുത്തതോടൊപ്പം ഉന്നത സമുദായങ്ങൾക്ക് മാത്രം അവകാശപ്പെട്ട 72 പദവികൾ ചെപ്പേടിൽ രേഖപ്പെടുത്തി സൂര്യനും ചന്ദ്രനുമുള്ള കാലത്തോളം അനുഭവിക്കുവാൻ ഇടം നൽകുകയും ചെയ്തു കുടിയേറിപ്പാർത്ത നാൾ മുതൽ ഈ കുടിയേറ്റ ജനത തങ്ങളുടെ തനിമയും പാരമ്പര്യവും കാത്തുസൂക്ഷിച്ചു. വിഭിന്നമായ ആചാരമര്യാദകൾ, വസ്ത്രധാരണങ്ങൾ, ഭക്ഷണക്രമം, ആഭരണങ്ങൾ, മുതലായവ ഈ കുടിയേറ്റക്കാരുടെ പ്രത്യേകതകളായി.
ക്നാനായക്കാരുടെ തനിമയും കൂട്ടായ്മയും ഊട്ടി ഉറപ്പിക്കുവാൻ ഏറെ സഹായിക്കുന്നവയാണ് ക്നാനായ ആചാരങ്ങൾ. ഇവ പരസ്പര ബഹുമാനത്തിന്റെയും, അംഗീകാരത്തിന്റെയും, സ്നേഹ വാത്സല്യങ്ങളുടേയും പ്രകടനം കൂടിയാണ്. ക്നായ് തൊമ്മന്റെ നേതൃത്വത്തിൽ കുടിയേറിയ ഒരു ജനതയുടെ സംഘ ജീവിതത്തിൻ്റെ സംയോജനം ഈ ആചാരങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്.
വിവാഹം ഉറപ്പിക്കൽ
വരന്റെ വീട്ടിൽ വെച്ച് നടത്തപ്പെടേണ്ട ചടങ്ങാണ് വിവാഹം ഉറപ്പിക്കൽ. രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടാക്കുവാൻ പോകുന്ന ബന്ധത്തിൻ്റെ ഔദ്യോഗികമായ തുടക്കമാണ് വിവാഹം ഉറപ്പിക്കൽ. വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തീരുമാനിച്ചുറപ്പിക്കുന്ന ചടങ്ങാണിത്. വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കൾ മാത്രമാണ് ഈ ചടങ്ങിൽ പങ്കെടുക്കേണ്ടത്.
ഒത്തുകല്യാണം
വധുവിന്റെ വീട്ടുകാരുടെ നേതൃത്വത്തിൽ നടത്തുന്ന ചടങ്ങാണ് ഒത്തുകല്യാണം ഒത്തുകല്യാണത്തിന് പള്ളിയിലേക്ക് പുറപ്പെടുന്നതിനു മുൻപ് ചെറുക്കന്റെ/ പെണ്ണിൻറെ വീട്ടിൽ എല്ലാവരും ചേർന്ന് പ്രാർത്ഥന നടത്തേണ്ടതാണ്.
പ്രാർത്ഥന
മാർത്തോമൻ എന്ന ഗാനം ആലപിക്കുന്നു.
കുടുംബനാഥൻ : അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി
എല്ലാവരും : ആമേൻ
കുടുംബനാഥൻ ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.
എല്ലാവരും : ആമേൻ
കുടുംബനാഥൻ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ…..
(എല്ലാവരും ചേർന്ന്)
ബൈബിൾ വായന :
കൊളോസിയർ ക്കെഴുതിയ ലേഖനം (3:5-11)
കുടുംബനാഥൻ :
സർവ്വശക്തനായ പിതാവേ ഞങ്ങളെ മുഴുവൻ അങ്ങേയ്ക്ക് സമർപ്പിച്ച് അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. ഞങ്ങൾക്ക് നൽകിയിരിക്കുന്ന നിരവധിയായ നന്മകളെ ഓർത്ത് അങ്ങേയ്ക്ക് ഞങ്ങൾ നന്ദി പറയുന്നു ഇന്ന് വിവാഹ വാഗ്ദാനം നടത്തുവാനായി പുറപ്പെടുന്ന അങ്ങയുടെ ഈ ദാസനെ / ദാസിയെ പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമേ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, സകല വിശുദ്ധരെ ഈ ദാസന് / ദാസിക്ക് വേണ്ടി പ്രാർത്ഥിക്കണമേ നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വര എന്നേക്കും, ആമേൻ.
കുടുംബനാഥൻ:
എത്രയും ദയയുള്ള മാതാവേ…..
സ്തുതി കൊടുക്കൽ
വരനും വധുവും ഒത്തു കല്യാണത്തിന് ദേവാലയത്തിലേക്ക് പുറപ്പെടുന്നതിനു മുൻപ് കാരണവന്മാരോടുള്ള വിധേയത്വം പ്രകടിപ്പിക്കുകയും അനുഗ്രഹം വാങ്ങിക്കുകയും ചെയ്യുന്ന ചടങ്ങാണിത് “ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ” എന്ന സ്തുതി വാചകം ചൊല്ലേണ്ടത് വരാൻ / വധു ആണ്. കൈകൂപ്പിയാണ് സ്തുതി ചെല്ലേണ്ടത് കൈക്കുമ്പിളിലാണ് സ്തുതി വാങ്ങിക്കുന്നത്.
കൈപിടുത്തം
ഒത്തുകല്യാണത്തിന് പള്ളിയിൽ വൈദികന്റെ സാന്നിദ്ധൃത്തിൽ കൈപിടിക്കുന്നത് വരന്റെയും വധുവിന്റെയും പിതൃവഴിയിലുള്ള ഏറ്റവും അടുത്ത ആളായിരിക്കണം. (പേരപ്പനോ, അപ്പാപ്പനോ, അല്ലെങ്കിൽ അവർ ചുമതലപ്പെടുത്തുന്ന മറ്റാരെങ്കിലുമോ). കൈപിടിച്ച് വിവാഹ വാഗ്ദാനമുറപ്പിക്കുന്ന ചടങ്ങ് ക്നാനായ സമുദായത്തിൽ മാത്രം നിലവിലുള്ളതാണ്.
വധുവിന്റെ അമ്മാച്ചൻ വരന്റെ അമ്മാച്ചന് കൈ കഴുകുവാൻ ഇന്ത്യയിൽ വെള്ളം നൽകി വിരുന്നിന് ക്ഷണിക്കുന്നതോടെ ഒത്തു കല്യാണത്തിന് സദ്യ ആരംഭിക്കുന്നു ട്യൂഷനിലയുടെ അറ്റം ഇടതുവശത്ത് മടക്കിവെച്ച് ഭക്ഷണം കഴിക്കുന്നത് വഴി രണ്ടിലയിൽ ഭക്ഷണം കഴിക്കുന്നതിന് ക്നാനായകാർക്ക് ലഭിച്ച അവകാശത്തെ അനുസ്മരിക്കുന്നു.
(പുരാതനകാലത്ത് ആഭിജാത്യ സൂചകമായി രാജാക്കന്മാരും, പ്രഭുക്കന്മാരും, ഒരു വാഴയിലയുടെ മുകളിൽ ഒരു വാഴയില കൂടി ഇട്ട് ഭക്ഷണം കഴിച്ചിരുന്നു രാജാക്കന്മാരോട് ഒത്തുള്ള സദ്യയിൽ ക്നായിത്തൊമ്മനും രണ്ടിലയിലായിരുന്നു ഭക്ഷണം കഴിച്ചിരുന്നത് ഈ ആചാരത്തിന്റെ അനുസ്മരണമായിട്ടാണ് ക്നാനായക്കാരുടെ ഇലയുടെ ഇടത്തെ അറ്റം ഇലയ്ക്കടിയിലേക്ക് മടക്കിവെച്ച് രണ്ട് ഇലയിൽ എന്ന രീതിയിൽ ഇന്നും ഭക്ഷണം കഴിക്കുന്നത്.)
ചന്തം ചാർത്ത്
വിവാഹത്തലേന്ന് വൈകിട്ട് വരന്റെ വീട്ടിൽ നടത്തുന്ന ചടങ്ങാണിത്. ചന്തം ചാർത്തൽ എന്നാൽ വരന്റെ മുഖം ക്ഷൗരം ചെയ്ത് ഭംഗി വരുത്തുകയെന്നത്ഥം. പഴയ കാലങ്ങളിൽ ഈ ചടങ്ങിലാണ് വരൻ ആദ്യമായി ക്ഷൗരം ചെയ്തിരുന്നത്. ക്ഷുരകനെ കൊണ്ട് തന്നെ വേണം ഈ ചടങ്ങിൽ വരനെ ക്ഷൗരം ചെയ്യിക്കുവാൻ. വെള്ളവിരിച്ച ചെറിയ പീഠവും കത്തിച്ചകോൽ വിളക്കും ചെറുക്കന്റെ സഹോദരിമാർ പന്തലിൽ സജ്ജീകരിക്കുന്നു. ചെറുക്കനെ അളിയന്മാർ പന്തലിലേക്കാനയിച്ച് കൊണ്ടുവന്ന് പ്രാർത്ഥനയ്ക്ക് ശേഷം കിഴക്കിനഭിമുഖമായി പീഠത്തിൽ ഇരിക്കുന്നു.
പ്രാർത്ഥന
മാർത്തോമൻ എന്ന ഗാനം ആലപിക്കുന്നു.
കുടുംബനാഥൻ : അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി
എല്ലാവരും : ആമേൻ
കുടുംബനാഥൻ : ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.
എല്ലാവരും : ആമേൻ
കുടുംബനാഥൻ : സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ…..
(എല്ലാവരും ചേർന്ന്)
ബൈബിൾ വായന : കൊളോസിയർക്കെഴുതിയ ലേഖനം (3:12-21) അല്ലെങ്കിൽ 1 കൊറി.(11:17-22)
കുടുംബനാഥൻ : ഞങ്ങളുടെ ദൈവമായ കർത്താവേ വിവാഹത്തിനായി ഒരുങ്ങുന്ന നിൻ്റെ ഈ ദാസനെ ആന്തരിക സൗന്ദര്യത്താലും സേവന സന്നദ്ധതയാലും സമ്പന്നനാക്കണമേ നല്ല ഭർത്താവും, നല്ല പിതാവുമായി നിന്റെ ഈ ദാസനെ രൂപാന്തരപ്പെടുത്തേണമേ, സഭയേയും സമുദായത്തേയും കുടുംബത്തേയും രാഷ്ട്രത്തേയും സ്നേഹിച്ച് അങ്ങേയ്ക്ക് സാക്ഷ്യം വഹിക്കുവാൻ ഈ പുത്രനെ യോഗ്യനാക്കേണമേ. അമ്മേ മാതാവേ, ഈ പുത്രന് വേണ്ടി നിൻ്റെ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും, ആമേൻ.
കുടുംബനാഥൻ : നന്മ നിറഞ്ഞ മറിയമേ സ്വസ്തി…..(എല്ലാവരും)
തുടർന്ന് ക്ഷുരകൻ ചെറുക്കന്റെ സമീപത്തേക്ക് വന്ന സദസ്സിനെ അഭിമുഖീകരിച്ചുകൊണ്ട് “പതിനേഴ് പരിഷകൾക്കു മേലുള്ള മാളോരോട് ചോദിക്കുന്നു. ചെറുക്കനെ ചന്തം ചേർത്തട്ടെ” എന്ന് മൂന്നു പ്രാവശ്യം ചോദിച്ച് സഭാനുവാദം വാങ്ങിയശേഷം ചന്തം ചാർത്ത് നടത്തുന്നു. ഈ സമയത്ത് ചന്തം ചാർത്ത് പാട്ട് പാടുന്നു.
ചന്തം ചാർത്തലിന് ശേഷം തേപ്പിക്കുവാനുള്ള എണ്ണ ചെറുക്കന്റെ സഹോദരിമാർ കൊണ്ടുവരുന്നു തുടർന്ന് വരനെ ക്ഷുരകൻ എണ്ണ തേപ്പിക്കുന്നു. (ചെറുക്കനെ എണ്ണ തേപ്പിക്കുന്നതിനു മുൻപ് ക്ഷുരകൻ സഭാ നുവാദം വാങ്ങേണ്ട ആവശ്യമില്ല) ചെറുക്കനെ അളിയന്മാർ കുളിപ്പിക്കുവാൻ കൊണ്ടുപോകുന്നതോടെ ചടങ്ങ് അവസാനിക്കുന്നു.
ഇച്ചപ്പാട് കൊടുക്കൽ
വരന്റെ പിതൃ സഹോദരന്മാർക്കാണ് ഇച്ചപ്പാട് കൊടുക്കുവാനുള്ള അവകാശം. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന വരന്റെ ജീവിതം മധുരതരമാകട്ടെ എന്ന് അനുഗ്രഹിക്കുകയും തങ്ങളുടെ പിതൃസഹജമായ വാത്സല്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന ചടങ്ങാണിത്. (വരനേക്കാൾ പ്രായം കുറഞ്ഞവർ ഇച്ചപ്പാട് കൊടുക്കുന്നത് ഈ ചടങ്ങിന്റെ ഗൗരവവും പവിത്രതയും നഷ്ടപ്പെടുത്തും)
മണവാള ചെറുക്കനെ ശുഭവസ്ത്രം ധരിപ്പിച്ചും കുരിശുമാലയണിയിച്ച് അളിയന്മാർ പന്തലിൽ കൊണ്ടുവന്ന് വെള്ള വിരിച്ച് പീഠത്തിൽ ഇരുത്തുന്നു. ഈ സമയം സഹോദരിമാർ ഒരു താലത്തിൽ വെൺപാച്ചോറും, ശർക്കരയും, കിണ്ടിയിൽ വെള്ളവും കോളാമ്പിയും കൊണ്ടുവന്ന് മണവാള ചെറുക്കന്റെ സമീപം വയ്ക്കുന്നു.
ഇച്ചപ്പാട് നൽകുന്നതിന് മുൻപ് മണവാള ചെറുക്കന് കിണ്ടിയിൽ നിന്നും വെള്ളം നൽകി വായ ശുദ്ധമാക്കണം വെള്ളം കോളാമ്പിയിലേക്ക് വേണം തുപ്പി കളയുവാൻ (ഒരു പ്രാവശ്യം ചെയ്താൽ മതി) മണവാള ചെറുക്കന്റെ പിതൃ സഹോദരന്മാരിൽ മുതിർന്നയാളോ അദ്ദേഹം ചുമതലപ്പെടുത്തുന്ന പിതൃവഴിയിലുള്ള മറ്റൊരാളോ, രണ്ടാം മുണ്ടെടുത്ത് അറ്റം രണ്ടും മുകളിലേക്ക് വരത്തക്ക വിധം കത്രിക പൂട്ടിട്ട് തലയിൽ കെട്ടിയതിനുശേഷം “ഇച്ചപ്പാട് കൊടുക്കട്ടെ” എന്ന് മൂന്നു പ്രാവശ്യം ചോദിച്ച് സഭാനുവാദം വാങ്ങുന്നു. തുടർന്ന് അദ്ദേഹം കൈകഴുകി ശുദ്ധമാക്കിയ ശേഷം വെൺപാച്ചോറിൽ ശർക്കര കൂട്ടി തിരുമ്മി (ആദരവ് പ്രകടിപ്പിക്കുവാൻ ഇടതു കരം കൊണ്ട് വലതു കൈമുട്ടിൽ താങ്ങി മൂന്നുപ്രാവശ്യം ഇച്ചപ്പാട് നൽകുന്നു. ചടങ്ങിനിടയിൽ തലയിൽ കെട്ട് അഴിക്കുവാൻ പാടില്ല.
എണ്ണ തേപ്പിക്കുമ്പോഴും കുളിക്കാൻ കൊണ്ടുപോകുമ്പോഴും അവസരോചിതമായ പുരാതന പാട്ടുകൾ പാടാവുന്നതാണ്.
വരനെ അളിയൻ വീടിനുള്ളിലേക്ക് കയറ്റി കൊണ്ടുപോകുന്നതോടെ ഇച്ചപ്പാട് കൊടുക്കൽ ചടങ്ങ് അവസാനിക്കുന്നു.
മൈലാഞ്ചി ഇടീൽ
എന്തിനാണ് മൈലാഞ്ചി ഇടുന്നത് എന്ന് മൈലാഞ്ചി പാട്ടിൽ പറയുന്നുണ്ട്. (വിലക്കപ്പെട്ട കനി പറിക്കാൻ ഹവ്വാ മരച്ചു വട്ടിലേക്ക് നടന്നു. കൈകൾ ഉയർത്തി കനിയും പറിച്ചു തന്മൂലം പാദങ്ങളും കരങ്ങളും പാപമയമായി. ആ പാപം ഹവ്വയുടെ മക്കളുടെ കരചരണങ്ങളെയും കളങ്കപ്പെടുത്തിയിരിക്കുന്നു. ആ പാക്കറ്റിൽ നീക്കാനാണത്രേ മൈലാഞ്ചി ഇടുന്നത്).
വധു ഗൃഹത്തിൽ കെട്ടു കല്യാണത്തിന്റെ തലേദിവസം നടക്കുന്ന ചടങ്ങാണിത്. പന്തലിൽ വെള്ള വസ്ത്രം വിരിച്ച പീഠം ജ്യേഷ്ഠ സഹോദരി (ഇല്ലെങ്കിൽ പിതൃ ബന്ധത്തിൽ പെട്ട സ്ത്രീകൾആരെങ്കിലും) സജ്ജീകരിക്കുന്നു. കത്തിച്ച കോലു വിളക്ക് വയ്ക്കുന്നു അതിനുശേഷം വധുവിനെ പീഠത്തിന്മേൽ ജേഷ്ഠ സഹോദരി കിഴക്കിന് അഭിമുഖമായി ഇരുത്തുന്നു.
മാർത്തോമൻ എന്ന ഗാനം ആലപിക്കുന്നു. കുടുംബനാഥൻ : അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി.
എല്ലാവരും : ആമേൻ
കുടുംബനാഥൻ : ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനം.
എല്ലാവരും : ആമേൻ
കുടുംബനാഥൻ : സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ…..
(എല്ലാവരും ചേർന്ന്)
ബൈബിൾ വായന : വിശുദ്ധ പത്രോസ് എഴുതിയ ഒന്നാം ലേഖനം 3:1-6
കുടുംബനാഥൻ: സ്നേഹപിതാവായ ദൈവമേ, മനുഷ്യൻ ഏകനായിരിക്കുന്നത് നല്ലതല്ലാത്തതുകൊണ്ട് അവന് ഇണയും തുണയുമായി സ്ത്രീയെ നൽകിയല്ലോ. വിവാഹത്തിനായി ഒരുങ്ങുന്ന അങ്ങയുടെ ഈ ദാസിയെ പാപക്കറകൾ കഴുകി വിശദീകരിക്കുകയും ആന്തരിക സൗന്ദര്യത്താൽ നിറയ്ക്കുകയും ചെയ്യേണമേ. നല്ല ഭാര്യയും അമ്മയുമായി തീരുവാനമുള്ള കൃപ ഇവൾക്ക് നീ പ്രധാനം ചെയ്യണമേ. അമ്മേ മാതാവേ, നിന്റെ തിരുക്കുമാരനോട് ഇവൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും ആമേൻ. കുടുംബനാഥൻ : നന്മ നിറഞ്ഞ മറിയമേ സ്വസ്തി…..
(എല്ലാവരും കൂടി)
പെണ്ണിൻ്റെ ഒരു പാർശ്വത്ത് മറ്റൊരു പീഠത്തിൽ അപ്പൻ്റെ അമ്മ അല്ലെങ്കിൽ അപ്പൻ്റെ പെങ്ങൾ ഇരിക്കുന്നു. പാട്ടുകാർ പെണ്ണിൻ്റെ മറ്റൊരു വശത്ത് ഇരിക്കുന്നു. ജ്യേഷ്ഠസഹോദരി മൈലാഞ്ചി അരച്ചത് പെണ്ണിൻ്റെ സമീപത്ത് കൊണ്ടുവന്നു വയ്ക്കുന്നു. മൈലാഞ്ചി പാട്ട് ആരംഭിക്കുന്നു. അപ്പോൾ വല്യമ്മ അല്ലെങ്കിൽ പിതൃസഹോദരി പെണ്ണിൻ്റെ ഉള്ളം കയ്യിൽ മൈലാഞ്ചി പുരട്ടി രണ്ട് കരങ്ങളും കൂട്ടിപ്പിടിക്കൂകയും പാട്ടിൽ വിവരിക്കുന്നത് അനുസരിച്ച് കാൽ, നഖങ്ങൾ, മുതലായ സ്ഥാനങ്ങളിൽ മൈലാഞ്ചി പുരട്ടുകയും ചെയ്യുന്നു.
ഇച്ചപ്പാട് കൊടുക്കൽ
വധുവിന്റെ പിതൃ സഹോദരന്മാർക്കാണ് ഇച്ചപ്പാട് കൊടുക്കുവാനുള്ള അവകാശം. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന വധുവിന്റെ ജീവിതം മധുരമാകട്ടെ എന്ന് അനുഗ്രഹിക്കുകയും തങ്ങളുടെ പിതൃസഹജമായ വാത്സല്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന ചടങ്ങാണിത്. (വധുവിനെക്കാൾ പ്രായം കുറഞ്ഞവർ ഇച്ചപ്പാട് കൊടുക്കുന്നത് ഈ ചടങ്ങിന്റെ ഗൗരവവും പവിത്രതയും നഷ്ടപ്പെടുത്തും.)
മണവാട്ടി പെണ്ണിൻ്റെ സഹോദരിമാർ ഒരു താലത്തിൽ വെൺപാച്ചോറും, ശർക്കരയും, കിണ്ടിയിൽ വെള്ളവും കോളാമ്പിയും കൊണ്ടുവന്ന് മണവാട്ടി പെണ്ണിന് സമീപം വയ്ക്കുന്നു. ഇച്ചപ്പാട് നൽകുന്നതിന് മുൻപ് മണവാട്ടി പെണ്ണിനെ കിണ്ടിയിൽ നിന്നും വെള്ളം നൽകി വായ് ശുദ്ധമാക്കണം. വെള്ളം കോളാമ്പിയിലേക്ക് വേണം തുപ്പി കളയുവാൻ (ഒരു പ്രാവശ്യം ചെയ്താൽ മതി.)
മണവാട്ടി പെണ്ണിൻ്റെ പിതൃസഹോദരന്മാരിൽ മുതിർന്നയാളോ അദ്ദേഹം ചുമതലപ്പെടുത്തുന്ന പിതൃവഴിയിലുള്ള മറ്റൊരാളോ രണ്ടാം മുണ്ടെടുത്ത് അറ്റം രണ്ടും മുകളിലേക്ക് വരത്തക്ക വിധം കത്രിക പൂട്ടിട്ട് തലയിൽ കെട്ടിയശേഷം “ഇച്ചപ്പാട് കൊടുക്കട്ടെ” എന്ന് മൂന്നു പ്രാവശ്യം ചോദിച്ച് സഭാനുവാദം വാങ്ങുന്നു. തുടർന്ന് അദ്ദേഹം കൈകഴുകി ശുദ്ധമാക്കിയ ശേഷം വെൺപാച്ചോറിൽ ശർക്കര കൂട്ടി തിരുമ്മി (ആദരവ് പ്രകടിപ്പിക്കുവാൻ ഇടതു കരം കൊണ്ട് വലതു കൈമുട്ടി താങ്ങി) മൂന്നുപ്രാവശ്യം ഇച്ചപ്പാട് നൽകുന്നു. ചടങ്ങിനിടയിൽ തലയിലെ കെട്ട് അഴിക്കുവാൻ പാടില്ല സഹോദരിമാർ മണവാട്ടി പെണ്ണിനെ മുറിയിലേക്ക് കൊണ്ടുപോകുന്നതോടെ ചടങ്ങ് അവസാനിക്കുന്നു.
ക്നാനായി താലി
ക്നാനായക്കാരുടെ താലിക്ക് ചില പ്രത്യേകതകൾ ഉണ്ട്.
താലി ആലിലയുടെ ആകൃതിയിലാണ് ഇതിൽ 21 അരിമ്പ് (മൊട്ട്) കൊണ്ടുള്ള കുരിശ് ഉണ്ട്. 21 അരിമ്പ് ജാതി പ്രാമുഖ്യത്തെ സൂചിപ്പിക്കുന്നതിനോടൊപ്പം ഏഴ് (കൂദാശകൾ) നെ മൂന്ന് (ത്രിത്വം) കൊണ്ട് ഗുണിക്കുന്നതായും വ്യാഖ്യാനിക്കപ്പെടുന്നു.
താലികെട്ടുന്നതിനുള്ള ചരട് മന്ത്രകോടിയിൽ നിന്നും എടുക്കുന്ന ഏഴു നൂലുകൾ പിരിച്ചാണ് ഉണ്ടാക്കുന്നത്. ഏഴു കൂദാശകളെ സൂചിപ്പിക്കുന്നു. വിവാഹത്തോടെ കഴുത്തിൽ അണിഞ്ഞു തുടങ്ങുന്ന താലി മരണംവരെ സ്ത്രീകൾ ഉപേക്ഷിക്കാൻ പാടില്ല മരണശേഷം താലി പള്ളിയിൽ ഏൽപ്പിക്കുകയോ ശവമഞ്ചത്തോടൊപ്പം കുഴിയിൽ മൂടുകയോ ആണ് ചെയ്യുന്നത്.
തലയിൽ കെട്ട്.
തലയിൽകെട്ട് ക്നാനായകാർക്ക് ഒരു പദവിയായതിനാൽ ചടങ്ങ് നടത്തുവാൻ അനുവാദം ചോദിക്കുന്നതും കർമ്മം നടത്തുന്നതും (ഇച്ചപ്പാട് നൽകുക, കച്ചതഴുകുക) തലയിൽ കെട്ടിയതിനുശേഷം ആയിരിക്കണം രണ്ടാം മുണ്ടിന്റെ അറ്റം രണ്ടും മുകളിലേക്ക് വരത്തക്ക വിധം കത്രിക പൂട്ടിട്ട് വേണം തലയിൽ കെട്ടുവാൻ. ചടങ്ങിനിടയിൽ കെട്ടഴിക്കുവാൻ പാടില്ല.
കെട്ടു കല്യാണത്തിന് ദേവാലയത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ്.
വിവാഹത്തിന് ദേവാലയത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പായി മണവാളൻ/ മണവാട്ടി ഒരുങ്ങി പന്തലിൽ എത്തുന്നു. കോലു വിളക്ക് കത്തിച്ച് എല്ലാവരും ചേർന്ന് പ്രാർത്ഥന ആരംഭിക്കുന്നു.
പ്രാർത്ഥന
മാർത്തോമൻ എന്ന ഗാനം ആലപിക്കുന്നു.
കുടുംബനാഥൻ: അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി എല്ലാവരും : ആമേൻ
കുടുംബനാഥൻ : ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.
എല്ലാവരും : ആമേൻ
കുടുംബനാഥൻ : സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ….. (എല്ലാവരും ചേർന്ന്)
ബൈബിൾ വായന : തോബിത്ത് (4 : 5 – 13 പഴയ നിയമം)
കുടുംബനാഥൻ : ആദിയിൽ മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിക്കുകയും പരസ്പരം ഇണയും തുണയുമായി കുടുംബജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി അനുഗ്രഹിക്കുകയും ചെയ്ത സർവ്വശക്തനായ ദൈവമേ അങ്ങയെ ഞങ്ങൾ ആരാധിക്കുകയും സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു ഇന്ന് വിവാഹമെന്ന പരിശുദ്ധ കൂദാശ സ്വീകരിച്ച് കുടുംബജീവിതം ആരംഭിക്കുവാൻ തയ്യാറായി പുറപ്പെടുന്ന ഞങ്ങളുടെ ഈ പ്രിയപ്പെട്ട മകനെ/ മകളെ അങ്ങയുടെ തിരുമുൻപിൽ ഞങ്ങൾ സമർപ്പിക്കുന്നു. അങ്ങയുടെ ആത്മാവിനാൽ ഇവനെ/ഇവളെ നിറയ്ക്കേണമേ. പരസ്പര വിശ്വസ്തതയോടും, സ്നേഹത്തോടും കൂടെ ജീവിതപങ്കാളിയോടൊത്ത് പങ്കുവെച്ച് സമാധാനപൂർവ്വമായ കുടുംബ ജീവിതം നയിക്കുവാൻ ഈ ദാസനെ/ ദാസിയെ അനുഗ്രഹിക്കണമേ. അമ്മേ മാതാവേ, വിശുദ്ധ യൗസേപ്പിതാവേ, തിരുകുടുംബത്തെപ്പോലെ ഇവരുടെ കുടുംബവും ആയിത്തീരുവാൻ തിരുകുമാരനോട് പ്രാർത്ഥിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും ആമേൻ.
കുടുംബനാഥൻ : നന്മനിറഞ്ഞ മറിയമേ സ്വസ്തി…….. (എല്ലാവരും കൂടി)
സ്തുതി ചൊല്ലൽ
വല്യപ്പൻ വല്യമ്മ മാതൃപിതൃസഹോദരന്മാർ അവസാനം മാതാപിതാക്കന്മാർക്കും മണവാളൻ/ മണവാട്ടി ചൊല്ലുന്നു. വിവാഹജീവിതത്തിൻ്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിനുള്ള അനുഗ്രഹം പ്രാപിക്കലാണ് ഈ സ്തുതി ചൊല്ലൽ. “ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ” എന്ന സ്തുതി വാചകം ചൊല്ലേണ്ടത് ചെറുക്കൻ/ പെണ്ണ് ആണ്. കൈകൂപ്പിയാണ് ചൊല്ലേണ്ടത്. കൈക്കുമ്പിളിലാണ് സ്തുതി വാങ്ങിക്കുന്നത്.
വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മുറ്റം വരെ (വാഹനം വരെ) കത്തിച്ച കോൽ വിളക്കുമായി സഹോദരിയും കൂടെ ഇറങ്ങേണ്ടതാണ്. ഈശോമിശിഹായോടൊത്ത് പുറപ്പെടുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു.
ബെറുമറിയും
വിവാഹത്തെ മഹനീയമായ കൂദാശയായി ഉയർത്തി അനുഗ്രഹിച്ച മിശിഹായുടെ രക്ഷാകര ചരിത്രം വിവരിക്കുന്ന ഈ സ്തുതി പാട്ട് വിവാഹ ആശിർവാദത്തിന് ശേഷം വധൂവരന്മാരെ പ്രത്യേകമായി അനുഗ്രഹിക്കുന്നതിന് വൈദികഗണം പാടുന്നു. ബറുമറിയം എന്ന വാക്കിൻ്റെ അർത്ഥം മറിയത്തിന്റെ മകൻ എന്നാണ്. ക്നാനായക്കാർക്കിടയിൽ മാത്രം നിലവിലുള്ള ഒരു പ്രാർത്ഥനയാണിത്.
വൈദികർക്ക് സ്തുതി
ക്നാനായ പാരമ്പര്യത്തിൽ വിവാഹത്തിനുശേഷം നവദമ്പതികൾ വികാരിക്ക് ദക്ഷിണ നൽകി ആശീർവാദം വാങ്ങിയിരുന്ന പതിവ് തുടരുന്നത് അഭികാമ്യമാണ്. ഇതുവഴി പുതിയ കുടുംബത്തെ ഇടവക വികാരി ഔദ്യോഗികമായി ഇടവകയിലേക്ക് സ്വീകരിക്കുന്നു.
വിവാഹ ഘോഷയാത്ര
നവദമ്പതിമാരെ നടവിളി, തഴക്കുട, പഞ്ചവാദ്യം, കുരവ തുടങ്ങിയവയോടുകൂടി ആഘോഷമായിട്ടാണ് വിവാഹപ്പന്തലിലേക്ക് ആനയിച്ചിരുന്നത്. പഴയകാലത്ത് (കൗമാരപ്രായത്തിൽ വിവാഹം നടത്തിയിരുന്ന കാലം) വധൂവരന്മാരെ ആനപ്പുറത്തിരുത്തി ആനയിച്ചിരുന്നു. ചേരമാൻ പെരുമാളിൽ നിന്ന് കിട്ടിയ 72 പദവികളിൽ പെടുന്നവയാണ് ആഘോഷയിനങ്ങളിൽ പലതും.
നട വിളി
വീട്ടിലേക്ക് (പന്തലിലേക്ക്) പുറപ്പെടുന്നതിന് തൊട്ടുമുൻപ് പെണ്ണിൻ്റെ അമ്മാച്ചൻ തലയിൽ കെട്ടിയതിനു ശേഷം തഴക്കുടയെടുത്ത് ചെറുക്കന്റെ അമ്മാച്ചനെ ഏൽപ്പിക്കുന്നു. ചെറുക്കന്റെ അമ്മാച്ചൻ തലയിൽ കെട്ടിയതിനുശേഷം ആണ് താഴെക്കുട ഏറ്റുവാങ്ങേണ്ടത്. കുരിശിൻ ചുവട്ടിൽ വച്ച് നടവിളി നടത്തണം. (മൂന്നുപ്രാവശ്യം നടവിളി നടത്തുന്നു എങ്കിൽ ആദ്യത്തേത് കുരിശിൻ ചുവട്ടിലും രണ്ടാമത്തെ ഘോഷയാത്ര മദ്ധ്യേയും മൂന്നാമത്തേത് പന്തലിന് സമീപത്തു വെച്ചു നടത്തുന്നതാണ് ഉത്തമം) നടവിളി വധൂവരന്മാരുടെ വരവേൽപ്പിന്റെ ഭാഗമായതിനാൽ നടവിളിക്കുന്നവരുടെ സമീപം നവദമ്പതികൾ ഉണ്ടായിരിക്കേണ്ടതാണ്.
അമ്മാച്ചൻ നടാ……. എന്നുവിളിച്ച് ആരംഭിക്കുന്നു. (ഈ സമയം വലതു കൈ മുകളിൽ നിന്ന് താഴേക്ക്)
തുടർന്ന് മറ്റുള്ളവർ ഒന്നിച്ച് നട നടായേ….. എന്നുവിളിച്ച് മുകളിലേക്ക് വലതു കൈ ഉയർത്തുന്നു. (ഇതിന് നടവെപ്പ് എന്ന് വിശേഷിപ്പിക്കുന്നു). ഇങ്ങനെ മൂന്നുപ്രാവശ്യം വിളിക്കേണ്ടതാണ്.
നടാ….. നടനടായേ…… നട നട നട
നടാ….. നടനടായേ…… നട നട നട
നടാ….. നടനടായേ…… നട നട നട
നട വിളിക്കുമ്പോൾ വിളിക്കുന്നവരുടെ സ്വരം ഒരേസ്ഥായിയിൽ ആയിരിക്കണം. കൈകളുയർത്തുമ്പോൾ എല്ലാവരും കൈഒരുപോലെ ഉയർത്തണം അധികം ഉയർത്താതിരിക്കുന്നതാണ് ഭംഗി.
കല്യാണം കെട്ടിക്കയറൽ
നവദമ്പതിമാരെ അമ്മാച്ചൻമാർ പന്തലിന്റെ പ്രധാന കവാടത്തിലേക്ക് ആനയിച്ച് വീടിന് (പന്തലിന്) അഭിമുഖമായി നിർത്തുന്നു.
നെല്ലും നീരും വെയ്ക്കൽ.
വരന്റെ മാതാവ് നെല്ലും കുരുത്തോലയുമിട്ട ജല ത്തട്ടവുമായി വധുവിന്റെ അമ്മയും (രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധം കൂടിയാണ് വിവാഹം എന്ന് സൂചിപ്പിക്കുകയാണ് രണ്ട് അമ്മമാരുടെയും സാന്നിധ്യം) കത്തിച്ച കോൽ വിളക്കുമായി വരന്റെ സഹോദരിയും നവ വധൂവരന്മാർക്ക് അഭിമുഖമായി നിൽക്കുന്നു. മണവാളന്റെയും മണവാട്ടിയുടേയും നെറ്റിയിൽ മാതാവ് മൂന്നുപ്രാവശ്യം കുരിശു വരയ്ക്കുന്നു ഓരോ പ്രാവശ്യവും കുരുത്തോല ജലത്തിൽ മുക്കി അതുകൊണ്ടാണ് കുരിശു വരയ്ക്കുന്നത് ഭാരതീയാചാരത്തിലെ ആരതിയോട് ഇതിന് സാദൃശ്യമുണ്ട് നെല്ല് ഐശ്വര്യത്തേയും, വെള്ളം ശുദ്ധീകരണത്തേയും, വെഞ്ചിരിച്ച കുരുത്തോല വിശുദ്ധീകരണത്തെയും സൂചിപ്പിക്കുന്നു. അതോടൊപ്പം വെള്ളം അഭിഷേകത്തിന്റെയും ഉത്പാദന ക്ഷമതയെയും പ്രതീകമായും കണക്കാക്കുന്നു.
മണർക്കോലത്തിലേക്കാനയിക്കുന്നു.
നെല്ലും നീരും വച്ചതിനുശേഷം നവദമ്പതികളെ അമ്മാച്ചന്മാർ പന്തലിൽ സജ്ജീകരിച്ചിരിക്കുന്ന മണർക്കോലത്തിലേക്ക് ആനയിച്ചിരുത്തുന്നു. ഇസ്രായേൽകാർ ഭാര്യയെ ഭർത്താവിൻ്റെ കൂടാരത്തിലേക്ക് ആനയിച്ചതിന്റെ ഓർമ്മ ഇതിൽ ദർശിക്കാം. (ഉല്പത്തി 24 : 67) വരന്റെ ഇടതുവശത്താണ് വധുവിനെ തിരുത്തേണ്ടത്.
മണം, കോലം എന്നീ പദങ്ങളുടെ സമുച്ചയമായ മണർ ക്കോലത്തിന്റെ അർത്ഥം വിവാഹ പന്തൽ എന്നാണ് യഹൂദന്മാർ വധൂവരന്മാർക്കായി പ്രത്യേകം തയ്യാറാക്കുന്ന ഹൂപ്പ (മേൽത്തട്ടി)യുടെ ഭാരതീയാവിഷ്കാരമാണ് മണർക്കോലം.
വാഴുപിടുത്തം
മണവാട്ടിയുടെ അമ്മ മണർക്കോലത്തിന് മുൻപിൽ വന്ന് സഭയെ അഭിമുഖീകരിച്ച് “വാഴു പിടിക്കട്ടെ” എന്ന് മൂന്ന് പ്രാവശ്യം ചോദിച്ച് സഭാനുവാദം വാങ്ങുന്നു. അനന്തരം വധൂവരന്മാരുടെ മുൻഭാഗത്ത് സജ്ജീകരിച്ചിരിക്കുന്ന ചെറിയ പീഠത്തിൽ (വെള്ളവിരിച്ച് കൊരണ്ടി) കയറി നിന്ന് വലതു കരം വരന്റെ ശിരസ്സിലും ഇടതുകരം വധുവിന്റെ ശിരസ്സിലുമായി കുരിശാകൃതിയിൽ വെച്ച് (വലതു കരം ഇടതുകരത്തിന്റെ മുകൾഭാഗത്തായിരിക്കണം.) വാഴ്വ് നൽകുന്നു. ഈ സമയം വാഴു പാട്ട് പാടുന്നു.
വിശുദ്ധ കുർബാനയിൽ പരിശുദ്ധാത്മാവിനെ വിളിച്ചുള്ള പ്രാർത്ഥനാ സമയത്ത് അപ്പത്തിന്റെയും വീഞ്ഞിന്റെയും മേൽ കുരിശാകൃതിയിൽ കൈകൾ പിടിച്ച് പുരോഹിതൻ പ്രാർത്ഥിക്കുന്നതിനോട് ഇതിന് സാദൃശ്യമുണ്ട്.
യാക്കോബ് ജോസഫിനും റാഗുവേൽ സാറായിക്കും അനുഗ്രഹം നൽകിയതിന്റെ ഓർമ്മയാണിത്.
പാലും പഴവും നൽകൽ
തുടർന്ന് ‘വാഴുവട്ടക്കളി പാട്ട്’ ആരംഭിക്കുന്നു. ഈ പാട്ടിൽ പാലും പഴവും കൊടുക്കേണ്ട ഘട്ടം വരുമ്പോൾ മണവാട്ടിയുടെ അമ്മ പാലും പഴവും ചേർന്ന മിശ്രിതം നവദമ്പതികൾക്ക് (ആദ്യം വരന്) ഒരേ പാത്രത്തിൽ നിന്ന് നൽകുന്നു. ഈ ചടങ്ങിന് മുൻപും പിമ്പും നവദമ്പതിമാരുടെ വായ ശുദ്ധീകരിക്കേണ്ടതാണ് അതിന് കിണ്ടിയിൽ വെള്ളവും കോളാമ്പിയും കരുതിയിരിക്കണം. പാലും, പഴവും നൽകുന്നതിന് സഭാനുവാദം വാങ്ങേണ്ടതില്ല.
(നവദമ്പതികളുടെ ഭാവിജീവിതം പരിശുദ്ധവും മധുരതരവും ആയി തീരട്ടെ എന്ന ആശംസയാണ് ഇതിൻ്റെ മുഖ്യ ആശയം)
കച്ചതഴുകൽ
വരന്റെ പിതൃ സഹോദരൻ (അല്ലെങ്കിൽ വരന്റെ വീട്ടുകാരിൽ മുതിർന്നയാൾ) കച്ചയെടുത്ത് വരന്റെ കയ്യിൽ ഏൽപ്പിക്കുന്നു. മണവാട്ടിയുടെ അമ്മാച്ചൻ തലയിൽ കെട്ടിയതിനുശേഷം “കച്ച തഴുകട്ടെ”എന്ന് മൂന്നുപ്രാവശ്യം ചോദിച്ച് സഭാനുവാദം വാങ്ങുന്നു. തുടർന്ന് മണവാളനെ മൂന്നുപ്രാവശ്യം തഴുകി കച്ച വാങ്ങി മണവാട്ടിയുടെ കയ്യിൽ കൊടുത്ത് മണവാട്ടിയെ മൂന്നുപ്രാവശ്യം തഴുകി കച്ച വാങ്ങി പിൻവാങ്ങുന്നു. (ഇതാണ് അച്ചൻ കച്ച) ചടങ്ങിനിടയിൽ തലയിലെ കെട്ടഴിക്കുവാൻ പാടില്ല. തുടർന്ന് അമ്മക്കച്ചയും അമ്മൂമ്മ കച്ചയും ഉണ്ടെങ്കിൽ തരുകാവുന്നതാണ്. അവർ തഴുകുമ്പോൾ സഭയുടെ അനുവാദം ചോദിക്കേണ്ടതില്ല.
തഴുകുന്ന വിധം
തഴുകുന്നയാൾ മണവാളന്റെയും മണവാട്ടിയുടെയും അരക്കെട്ടിന് ഇരുവശവും സ്പർശിച്ചതിനുശേഷം വധൂവരന്മാരുടെ കരങ്ങളിലും ഒപ്പം കരങ്ങളിൽ ഇരിക്കുന്ന കച്ചയുടെ അടിഭാഗത്തും സ്പർശിക്കുന്നു. ഇങ്ങനെ മൂന്നുപ്രാവശ്യം ചെയ്യുന്നു.
വധുവിന്റെ അമ്മാച്ചനും അമ്മയും വല്യമ്മയും വധൂവരന്മാരെ ആശ്ലേഷിച്ചനുഗ്രഹിക്കുകയും വിവാഹത്തെ അംഗീകരിക്കുകയും ചെയ്യുമ്പോൾ ഇവർക്ക് വരന്റെ വീട്ടുകാർ ഉപഹാരമായി നൽകുന്നതാണ് കച്ച. നിങ്ങളോടുകൂടി ഞങ്ങളുമുണ്ട് എന്ന ഉറപ്പും വാഗ്ദാനവുമാണ് ഈ തഴുകൽ.
വിവാഹ സദ്യ
തുടർന്ന് മണവാളന്റെ അമ്മാച്ചൻ മണവാട്ടിയുടെ അമ്മാച്ചന് കൈ കഴുകുവാൻ കിണ്ടിയിൽ വെള്ളം നൽകി വിരുന്നിന് ക്ഷണിക്കുന്നു. അതോടെ വിവാഹ സദ്യ ആരംഭിക്കുകയാണ്.
നവവധുവിന്റെ ഗൃഹത്തിലേക്ക് പുറപ്പെടും മുൻപ്
വിവാഹ ചടങ്ങുകൾ എല്ലാം കഴിഞ്ഞ് നവദമ്പതികൾ വധു ഗ്രഹത്തിലേക്ക് പുറപ്പെടും മുൻപ് സ്തുതി ചൊല്ലി അനുഗ്രഹം വാങ്ങണം.
കോലുവിളക്ക് കത്തിച്ച് ലഘു പ്രാർത്ഥനയോടെ വേണം യാത്ര ആരംഭിക്കുവാൻ.
പ്രാർത്ഥന
മാർത്തോമൻ എന്ന ഗാനം ആലപിക്കുന്നു
കുടുംബനാഥൻ : അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി
എല്ലാവരും : ആമേൻ
കുടുംബനാഥൻ : ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം
എല്ലാവരും : ആമേൻ
കുടുംബനാഥൻ : സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ…. (എല്ലാവരും ചേർന്ന്)
കുടുംബനാഥൻ : സ്നേഹപിതാവായ ദൈവമേ പരിശുദ്ധവും പരിപാവനവുമായ വിവാഹം എന്ന കൂദാശയിലൂടെ ഇന്നുമുതൽ കുടുംബജീവിതം ആരംഭിച്ചിരിക്കുന്ന ഈ വധൂവരന്മാരെ സമൃദ്ധമായി അനുഗ്രഹിക്കേണമേ. വിവാഹാവസരത്തിൽ ഇവർ വാഗ്ദാനം ചെയ്തതുപോലെ സന്തോഷത്തിലും ദുഃഖത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും പരസ്പര വിശ്വസ്തതയോടെ പങ്കുവെച്ച് ജീവിക്കുവാനുള്ള അനുഗ്രഹം ഇവർക്ക് പ്രദാനം ചെയ്യണമേ. ഇവർക്കുണ്ടാകുന്ന കുഞ്ഞുങ്ങളെ വിശ്വാസത്തിലും സമുദായബോധത്തിലും മൂല്യത്തിലും വിജ്ഞാനത്തിലും വളർത്തുവാൻ, ഇവരെ സഹായിക്കേണമേ. അമ്മേ മാതാവേ, വിശുദ്ധ യൗസേപ്പിതാവേ, തിരുകുടുംബത്തിന്റെ സാദൃശ്യത്തിൽ ഇവരുടെ കുടുംബവും ആയിത്തീരുവാൻ തിരുക്കുമാരനോട് ഇവർക്കു വേണ്ടി പ്രാർത്ഥിക്കേണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വര എന്നേക്കും ആമേൻ.
കുടുംബനാഥൻ : നന്മനിറഞ്ഞ മറിയമേ സ്വസ്തി….. (എല്ലാവരും കൂടി)
തുടർന്ന് നവദമ്പതികൾ മുതിർന്നവർ തുടങ്ങി അർഹതപ്പെട്ടവർക്കും മാതാപിതാക്കൾക്കും സ്തുതി ചൊല്ലുന്നു. അതിനുശേഷം വരന്റെ പിതാവ് വധുവിന് ഇല്ലപണം നൽകുന്നു.
ഇല്ലപ്പണം.
എഡി 345 ൽ ക്നായി തോമായുടെ നേതൃത്വത്തിൽ കീനായി ദേശത്തു നിന്നും, ബത്തി, ബൽക്കുത്ത്, ഹദായി, തെജമുത്ത്,കൂജ, ലിക്ക്, കോജ, മജമുത്ത്, എന്നീ താവഴികളിൽ (7 ഇല്ലങ്ങളിൽ നിന്നായി 72 കുടുംബങ്ങളിൽ പെട്ട 400 ഓളം പേർ കൊടുങ്ങല്ലൂരിൽ വന്നിറങ്ങി. ഇവരുടെ സന്താന പരമ്പരകളാണ് ഇന്ന് ക്നാനായക്കാർ എന്ന പേരിൽ അറിയപ്പെടുന്നത്) അന്ന് 72 കുടുംബങ്ങൾ അവരുടെ വിവാഹ കാര്യം സംബന്ധിച്ച് പിശക് വരാതിരിക്കുവാനായി ഒരു സമുദായിക നടപടി ഏർപ്പെടുത്തി. അതായത് ഒരേ താവഴി യിലെ കുടുംബങ്ങൾ വിവാഹം കഴിക്കാൻ പാടില്ല. ഒരു താവഴിയിൽ നിന്നും മറ്റൊരു താവഴിയിലേക്കേ വിവാഹബന്ധത്തിൽ ഏർപ്പെടുവാൻ പാടുള്ളു. ഇങ്ങനെ ഒരു താവഴിയിലെ സ്ത്രീ മറ്റൊരു താവഴിയിലേക്ക് വിവാഹം ചെയ്ത് അയയ്ക്കുമ്പോൾ സ്ത്രീ പുരുഷന്റെ താവഴിയിലേക്ക് ആകുന്നു. ഇത് സൂചിപ്പിക്കാൻ മണവാളന്റെ വീട്ടുകാർ മണവാട്ടിയുടെ വീട്ടുകാർക്ക് കൊടുക്കുന്ന ഒരു ചെറിയ തുകയാണ് ഇല്ലപണം അഥവാ താവഴിധനം എന്ന് പറയുന്നത്. ഇത് മണവാട്ടി പള്ളികളിൽ നേർച്ചയിട്ടും സാധുക്കൾക്ക് ദാനം കൊടുത്തു ചെലവാക്കണം എന്നാണ് ചട്ടം.
ജി കെ ടൈംസ്, ലേഖകൻ
