വിഭാഗീയതയിലെ പണിക്കാർ.

ജോൺ കരമ്യാലിൽ

2025 ഒക്ടോബർ 4, ശനിയാഴ്ച UK യിൽ നടത്തിയ 'വാഴ്‌വ് 2025' ൽ KCC പ്രസിഡന്റ് ശ്രീ ബാബു പറമ്പടത്തുമലയിൽ നടത്തിയ ആശംസ പ്രസംഗത്തിൽ, ഒരാൾ ഏതു വിദേശരാജ്യത്ത് ജോലി ചെയ്യൂകയാണങ്കിലും ആ രാജ്യത്തിൻറെ നിയമങ്ങളും സംസ്കാരങ്ങളും പാരമ്പര്യങ്ങളുമായി ചേർന്നു അച്ചടക്കത്തോടെ ജീവിക്കണമെന്നും, അല്ലാത്തപക്ഷം വലിയ പ്രത്യാഘാതം (consequence) നേരിടേണ്ടിവരുമെന്നുള്ള അറിവും മുന്നറിയിപ്പും കൊടുത്തു; സന്തോഷം. അദ്ദേഹം ഈ പറഞ്ഞതുതന്നെ ഞണ്ടിന്റെ ഉപദേശംപോലെ കേരളത്തിന്റെ മുണ്ടിലും ഷർട്ടിലും നിന്നുകൊണ്ടാണ്. ഏതു രാജ്യത്തായാലും ആ രാജ്യത്തിൻറെ നിയമവ്യവസ്ഥകൾക്കുള്ളിലായി നിന്നുകൊണ്ട് ആ രാജ്യത്തുള്ളവർക്ക് യാതൊരുവിധ ശല്യവും ഉണ്ടാകാത്ത തരത്തിലുള്ള അവനവന്റെ പാരമ്പര്യവും സംസ്കാരവും രീതിയും കാത്തുസൂക്ഷിക്കുന്നതിൽ അവർക്ക് സന്തോഷമേയുള്ളൂ. സഭയില്ലങ്കിൽ സമുദായമില്ലന്നു ശ്രീ ബാബു പറഞ്ഞത് തികച്ചും അറിവില്ലായ്കയും തെറ്റുമാണ്. പല രാജ്യങ്ങളിലും മതത്തിൽപ്പെടാത്ത ഗോത്രങ്ങളുണ്ട്. ഒരു ഗോത്രത്തിലൊ സമുദായത്തിലൊ പിറന്നവൻ പരപ്രേരണയാൾ ഓരോ മതത്തിലും സഭയിലും ആയിപ്പോയി എന്നേയുള്ളു; അതും വിശ്വാസപരമായി മാത്രം. അതുകൊണ്ട് ആ സഭയിൽ വിശ്വസിക്കുന്നുവെന്നു പറയുന്നതിനാൽ, ഈ സഭയെന്നു പറഞ്ഞു നടക്കുന്ന ദൈവങ്ങളെല്ലാം പറയുന്നത് ശരിയുമല്ല; തെറ്റുകൾ പറയുകയും അവർത്തിക്കുക്കപ്പെടുകയും ചെയ്യുന്നിടത്ത് അവരെ അനുസരിക്കേണ്ടതുമില്ല. സമുദായബോധം മാത്രം കൊണ്ടുനടക്കുന്നവർ മണവും ഗുണവും ഇല്ലാത്ത, ചുടും പ്രകാശവും ഇല്ലാത്ത കരിക്കട്ടയാണന്നു ബാബു പറമ്പടത്തുമലയിൽ UK ക്നാനായ മിഷന്റെ ഉടയോനായ ജോസഫ് സാബ്രിക്കൽ മെത്രാനോട് പരസ്യമായി പറഞ്ഞു. സമുദായബോധം ഉള്ളവർക്ക് സഭാബോധം ഉള്ളതുകൊണ്ടാണ് അവർ സഭയിൽ വിശ്വസിക്കുന്നതും മറ്റു പള്ളികളിലാണങ്കിലും പോകുന്നതും കൂദാശകൾ സ്വീകരിക്കുന്നതും. സഭാബോധം ഉണ്ടന്നുപറഞ്ഞു നടക്കുന്നവർക്ക് സത്യത്തിൽ സഭാബോധം - സമുദായബോധം എന്നല്ല ബോധമേ ഉണ്ടോയെന്നാണ് സംശയിക്കുന്നത്. എന്നാൽ ഈ സഭാബോധം എന്നുപറഞ്ഞു കത്തിജ്വലിച്ചെന്ന ഭാവത്തിൽ നടക്കുന്ന ഈ ബാബുവിനെ UK യിൽ ആയിരിക്കുമ്പോൾ സാബ്രിക്കൽ മെത്രാനും, കോട്ടയത്തായിരിക്കുമ്പോൾ അവിടുത്തെ ഏതെങ്കിലും ഒരു മെത്രാനോ അച്ചനോ വളരെ നിസാരമായി വിളക്ക് ഊതിക്കെടുത്തുന്നതുപോലെ ഈ ബാബുവിനെ ഊതിക്കെടുത്താവുന്നതേയുള്ളു; അത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം. അതുകൊണ്ട് ബാബു ഏറ്റുപാടൽ കുറയ്ക്കില്ലന്നു കരുതാം. 

  കഴിഞ്ഞ ഒക്ടോബറിൽ മെത്രാനച്ചന്മാരോടൊപ്പം ഈ ബാബു റോമിൽ പോയി ഓറിയന്റൽ കോൺഗ്രിഗേഷനിൽ നിവേദനം സമർപ്പിച്ചുവെന്നും, അത് സഭയും സമുദായവും ഒരുമിച്ചു പോകുന്ന പാരമ്പര്യമായിരുന്നുവെന്നർത്ഥം എന്നു പറഞ്ഞു ബാബു ആശ്വസിക്കുന്നു; അത് സഭയും സമുദായവും ഒന്നിച്ചു പോകുന്നതല്ല, പെട്ടി എടുക്കുവാൻ ഒരാൾ വേണമായിരുന്നു. ഈ നിവേദനത്തിൽ എന്തായിരുന്നുവെന്നോ, ഈ നിവേദനം ഈ  ഓറിയന്റൽ കോൺഗ്രിഗേഷൻ വായിച്ചോയെന്നുപോലും ആർക്കും അറിയില്ല. ഒരു ചായ കുടിക്കുവാനായി റോം വരെ പോകേണ്ടതില്ലായിരുന്നു; ഒരു തേയിലത്തോട്ടം വാങ്ങിയാൽ മതിയായിരുന്നു. നമ്മുടെ ആത്യന്തിക ലക്ഷ്യം സഭാസംവിധാനങ്ങൾ ഉണ്ടാക്കി അതിൽ ഭാഗമാകുകയാണന്ന് ബാബു UK യിൽ പറഞ്ഞത് ഒട്ടും നീതികരിക്കുവാനാകാത്തതാണ്. ആത്യന്തിക ലക്ഷ്യം ഈ ലോകത്തിൽ സുഖമായി ജീവിക്കുക എന്നതാണ്. അത് കൃത്യമായി പാലിക്കുന്നത് പൂജാരിമാരാണ്, വിശ്വാസികളല്ല. ഏതൊരു സമുദായത്തിനും ആ സമുദായത്തിനുതകുന്ന മതവും സഭയുമെ ആവശ്യമുള്ളു / ആകാവൂ. ഇന്നത്തെ ഈ നിമിഷവും ദിവസവും കഴിഞ്ഞിട്ടേ നാളെയുള്ളു. പരീക്ഷ പാസ്സാകുവാൻ കഷ്ടപ്പെട്ട് പഠിക്കുന്നതുപോലെയോ, ഓട്ടമത്സരത്തിൽ വിജയിക്കുവാൻവേണ്ടി ഓടിപരിശീലിക്കുന്നതുപോലെയോ മരണശേഷം ഉണ്ടന്ന് പറയുന്ന സ്വർഗ്ഗത്തിനുവേണ്ടി നമ്മൾ ഈ ഭൂമിയിൽ കഷ്ട്ടപ്പെടേണ്ട യാതൊരു ആവശ്യവുമില്ല. സ്വർഗീയമായ കിട്ടിയ ഈ ജന്മത്തെയും സമുദായത്തെയും ശവക്കല്ലറയാക്കുവാൻ ശ്രമിക്കുന്നത് ക്രൂരമായ അനാദരവ് ആണ്. 

 ക്നാനായ അസോഷിയേഷനുകളോടും സംഘടനകളോടുമുള്ള തന്റെ വിയോജിപ്പും അസൂയയും വ്യക്തമായി ബാബു കൃത്യമായി പറയുവാൻ കാരണം സമുദായ സംഘടനനേതാക്കൾ തെരഞ്ഞെടുപ്പിലൂടെ നേതൃസ്ഥാനത്ത് വരുന്നു; അവർക്ക് ആ അധികാരവും സ്ഥാനവും ഉണ്ട്. എന്നാൽ സഭാസംഘടനകളുടെ നേതാക്കളായി വരുന്നത് അധികാരഭ്രമവും സ്വാർത്ഥതയുമുള്ളവരുടെ / സഭാമെത്രാന്റെ നിയുക്തൻ (nominee) ആയതിനാൽ അവർക്ക് യാതൊരുവിധ അധികാരങ്ങളുമില്ല; ഏറ്റുപാടലും പെട്ടിയെടുക്കലും മാത്രമാണ് പണി. സഭാസംവിധാനങ്ങളെ ഉൾക്കൊള്ളുവാൻ ഒരു വിശ്വസിക്കുപോലും വിഷമമോ ബിദ്ധിമുട്ടോ ഇല്ല. സഭാസംവിധാനത്തിനാണ് സമുദായ സംവിധാനത്തെ ഉൾക്കൊള്ളുവാൻ ആകാത്തത്. ഒരുവനെ / സമുദായ സംവിധാനങ്ങളെ മാനിക്കാത്ത, എതിർക്കുന്ന സഭാസംവിധാനത്തെ ബാബുവിനെപ്പോലുള്ളവർക്കു മാത്രമേ മാനിക്കുവാനാകു / അംഗീകരിക്കുവാനാകു. ക്നാനായക്കാർക്ക് ക്നാനായ മിഷനുമായി സഹകരിച്ചാലെ വിദേശരാജ്യങ്ങളിൽ നിലനില്പുള്ളൂവെന്നു ബാബു പറഞ്ഞതാണ് ഏറെ ഭോഷത്തരമായത്. ക്നാനായ മിഷൻ ഇന്നലെയാണുണ്ടായതെന്നും, അതിനുമുമ്പേ ക്നാനായക്കാർ വിദേശങ്ങളിൽ ഉണ്ടായിരുന്നുവെന്നുള്ളത് പാവം ബാബു അറിഞ്ഞിട്ടില്ലിതുവരെ. ഒരു ക്നാനായക്കാരന്റെ മക്കളെയെല്ലാം ക്നാനായ സമുദായത്തിൽത്തന്നെ വിവാഹം കഴിപ്പിച്ചയച്ചാൽ അയാളുടെ ക്നാനായ ഉത്തരവാദിത്വം വിജയകരമായി പൂർത്തീകരിച്ചുവെന്നു ബാബു പറഞ്ഞു; അയാൾക്ക് മടങ്ങാമെന്നു സാരം. അച്ചന്മാരുടെ മാതാപിതാക്കളാരും ഇത് കേട്ടില്ലന്നു അനുമാനിക്കാം. ഇങ്ങനെ മക്കളെ സ്വസമുദായത്തിൽ നിന്നുതന്നെ വിവാഹം കഴിപ്പിക്കുവാനാണ് മുമ്പുപറഞ്ഞ അസ്സോസിയേഷനുകളും സംഘടനകളും; ഈ സംഘടനകളിൽ ക്നാനായ സമുദായംഗത്വം ഉള്ളവർ മാത്രമേയുള്ളു. ഈ സഭാനേതൃത്വം കൊണ്ടുവന്ന ക്നാനായ മിഷനുകളിലൂടെ സമുദായ മക്കളെ സങ്കരപ്പെടുത്തുകയാണ് ഈ ബാബു ഉൾപ്പെടുന്ന സഭാസംവിധാനങ്ങൾ. സ്‌കൂളുകളിൽ ഇംപോസിഷൻ (imposition) എഴുതിപ്പഠിച്ചതുപോലെ, സമുദായം സഭയോടൊത്തു നിൽക്കണം, നടക്കണം, വളരണം എന്നൊക്കെപ്പറയുന്ന ഈ ബാബുതന്നെ ദൃഢമായി പറയുന്നത് സഭാനിയമങ്ങൾക്കു വിധേയമായിട്ടുമാത്രം എല്ലാ വിട്ടുവീഴ്ചകളും സഭ ചെയ്തുതരുമെന്നാണ്. നിയമത്തിനു വിധേയമായിട്ടുള്ളത് വിട്ടുവീഴ്ചയല്ല; അവകാശമാണ്. വിട്ടുവീഴ്ചയല്ല, ആവശ്യത്തിനുവേണ്ട നിയമങ്ങളാണ് വേണ്ടത്. ജോസഫ് സാബ്രിക്കൽ മെത്രാനോട് UK യിൽ ഇനിയും ക്നാനായ മിഷനുകൾ സ്ഥാപിക്കണമെന്നും യാചിച്ചു പറഞ്ഞു. അതിനു അദ്ദേഹത്തിന് യാതൊരു ബുദ്ധിമുട്ടും ഇല്ലന്നു മാത്രമല്ല, സന്തോഷമേയുള്ളൂ. കാരണം അതിനു അദ്ദേഹത്തിന് യാതൊരു മുടക്കുമുതലും ഇല്ല. എല്ലാം അദ്ദേഹത്തിന്റെ പേരിൽ വാങ്ങിച്ചുകൊടുക്കുന്നത് ക്നാനായ മക്കളാണ്. ഒരു സമയത്ത്, 'കടക്കു പുറത്ത്' എന്നദ്ദേഹം പറഞ്ഞാൽ എല്ലാം ഉപേക്ഷിച്ചു പോകേണ്ടിവരും. മുഴുവനും വാങ്ങിക്കിട്ടുവാനായിട്ട് അവർ കാത്തിരിക്കുകയാവാം. ബാബു പറഞ്ഞ വിഭാഗീയത സൃഷ്ടിക്കുന്നത് സമുദായം അല്ല, മതങ്ങളും സഭകളുമാണ് ജനങ്ങളിൽ വിഭാഗീയത സൃഷ്ടിക്കുന്നതും വളർത്തുന്നതും. മതങ്ങൾ സൃഷ്ടിക്കുന്ന വിഭാഗീയത എന്ന കൃഷിക്കു വേണ്ടിയുള്ള പണിക്കർ മാത്രമാണ് ബാബുവിനെപ്പോലെയുള്ളവർ, അത് ബാബുവിനും കൂട്ടർക്കും മനസ്സിലാകാത്തതൊ, അതോ നടിക്കുന്നതൊ. ബാബുവിന്റെ പ്രസംഗത്തിൽ ഗുണവും മാവും ഇല്ലാത്തതുപോലെയുള്ള ചൂടും പ്രകാശവും ഇല്ലാതായ തീക്കട്ടയെ ഉദാഹരിച്ചത് സ്വയമേയാണങ്കിലും അത് മറ്റുള്ളവർ അറിയാതിരിക്കട്ടെയെന്ന് ആശിക്കുന്നു; കരിക്കട്ടയെ ഉപയോഗിച്ചു വരയ്ക്കുന്നത് കരിക്കട്ടയല്ല, മറ്റുള്ളവരാണ്. 

ജോൺ കരമ്യാലിൽ
ചിക്കാഗോ
30 OCT 2025
John Karamyalil
Chicago