ഹോങ്കോങിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ദുരന്തം: നാല് പേർ മരണം സ്ഥിരീകരിച്ചു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

തായ് പോ (ഹോങ്കോങ്) ∙ തായ് പോ ജില്ലയിലെ വാങ് ഫുക് കോർട്ട് ബഹുനില ഫ്ലാറ്റ് സമുച്ചയത്തിൽ ഭീകര തീപിടിത്തം. നാലുപേരുടെ മരണം സ്ഥിരീകരിച്ചു. ഇരട്ട ടവറുകളിലേക്കാണ് ആദ്യം തീ പടർന്നത്. കെട്ടിടത്തിനുള്ളിൽ ഇനിയും എത്ര പേർ കുടുങ്ങിക്കിടക്കുന്നു എന്നത് വ്യക്തമല്ല.

ഗുരുതരമായി പൊള്ളലേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അഗ്നിരക്ഷാസേനയുടെ നിരവധി യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകളായി രക്ഷാപ്രവർത്തനം തുടരുകയാണ്.

പ്രാദേശിക സമയം ഉച്ച കഴിഞ്ഞ് 2.51നാണ് തീപിടിത്ത വിവരം ഫയർ ഫോഴ്‌സിന് ലഭിച്ചത്. പിന്നാലെ പല ഫയർ എൻജിനുകളും രക്ഷാപ്രവർത്തകസംഘങ്ങളും എത്തി പ്രവർത്തനങ്ങൾ ആരംഭിച്ചു.

എട്ട് ബ്ലോക്കുകളിലായി 2,000-ത്തിലധികം ഫ്ലാറ്റുകൾ അടങ്ങിയതാണ് വാങ് ഫുക് കോർട്ട്. തീപിടിച്ച ടവറിന് സമീപമുള്ള കെട്ടിടങ്ങളിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നുവെന്നും, അവിടെ സ്ഥാപിച്ചിരുന്ന മുള തടി ഘടനകൾ തീ അതിവേഗം പടരാൻ കാരണമായിക്കാമെന്നുമാണ് പ്രാഥമിക വിലയിരുത്തൽ.

നിവാസികളെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയെങ്കിലും സ്ഥിതി പൂർണമായും നിയന്ത്രണവിധേയമല്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.