ലണ്ടൻ :
ആഗോള ബിസിനസ് വേദിയിൽ മലയാളികളുടെ കഴിവും ദൂരദർശിതയും വീണ്ടും തെളിയിക്കുന്ന അഭിമാന നിമിഷം—യുകെയിലെ മലയാളി യുവ വ്യവസായി ടിജോ ജോസഫ് രാജ്യത്തെ ബിസിനസ് വളർച്ചയ്ക്ക് നൽകിയ മികച്ച സംഭാവനകൾക്ക് ബ്രിട്ടീഷ് പാർലമെന്റിൽ നിന്നും പ്രത്യേക അംഗീകാരം നേടി. ചരിത്ര സാക്ഷിയായ വസ്റ്റ്മിനിസ്റ്റർ ഹാളിൽ നടന്ന മനോഹരമായ ചടങ്ങിൽ യുകെ മുൻ ബിസിനസ് മന്ത്രിയും നിലവിലെ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ പൊലിസ് ആൻഡ് ക്രൈംസ് ആയ സാറാ ജോൺസ് ആണ് അവാർഡ് സമ്മാനിച്ചത്.
ഒരു പതിറ്റാണ്ടിനിടെ യുകെയിലെ ബിസിനസ് രംഗത്ത് ഉറച്ച പാത ചാർത്തിയ ടിജോ ‘ഔട്ട് സ്റ്റാൻഡിങ് അച്ചീവർ ഇൻ മൾട്ടിപ്പിൾ ഇൻഡസ്ട്രീസ്’ എന്ന വിശിഷ്ട ബഹുമതിയാണ് കരസ്ഥമാക്കിയത്. ഫിനാൻസിൽ നിന്ന് ഹെൽത്‌കെയറിലേക്കും, ടെക്ക്നോളജിയിൽ നിന്ന് പ്രോപ്പർട്ടി ഡെവലപ്മെന്റിലേക്കും—വ്യത്യസ്ത മേഖലകളിൽ ടിജോയുടെ സംരംഭങ്ങൾ യുകെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്നുവെന്നത് ഈ അംഗീകാരം വീണ്ടും തെളിയിക്കുന്നു. ബ്യൂട്ടി & വെൽനെസ് മേഖലകളിലുമുള്ള അദ്ദേഹത്തിന്റെ സ്ഥാപനങ്ങൾ നൂറുകണക്കിന് ആളുകൾക്ക് തൊഴിലും വികസനവും സൃഷ്ടിച്ചിട്ടുണ്ട്.
ടിജോയുടെ സംരംഭങ്ങൾ രാജ്യത്ത് സൃഷ്ടിച്ച തൊഴിൽ അവസരങ്ങളും സാമൂഹിക സ്വാധീനവും പ്രത്യേകം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് മഞ്ജു ഷാഹുൽ ഹമീദ് മെന്റൽ ഹെൽത്ത് ഫൗണ്ടേഷൻ ഈ അവാർഡ് നല്കിയത്. ചടങ്ങിൽ ബ്രിട്ടീഷ് എംപിമാരായ ബറോണസ് മൻസില ഉദ്ദിൻ, നടാഷാ അയേൺസ്, ക്രോയ്ഡൻ മേയർ റിച്ചാർഡ് ചാറ്റർജി, കൗൺസിലർ ഡോ. മഞ്ജു ഷാഹുൽ ഹമീദ്, ഇന്ത്യൻ ഹൈ കമ്മീഷൻ പ്രതിനിധി ഷാഹിദ് ആലം, ബിബിസി വെൽബീയിങ് മാനേജർ മാർവിൻ ഫ്രാൻസിസ് എന്നിവരും പങ്കെടുത്തു.
വെയിൽസിലെ ന്യൂപോർട്ടിനെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടിജോയ്ക്ക് യുകെയിലെങ്ങും സ്ഥാപനങ്ങളുടെ ശൃംഖലയുണ്ട്. കോട്ടയം അയർകുന്നത്തിലാണ് സ്വദേശം. ബിസിനസ്, നേതൃപാടവം, സാമൂഹിക പ്രതിബദ്ധത—എല്ലാ മേഖലകളിലും മികവ് തെളിയിച്ച അദ്ദേഹം ദേശീയ–അന്തർദേശീയ തലത്തിൽ നിരവധി ബഹുമതികൾ ഇതിനകം നേടിയിട്ടുണ്ട്. ഗ്ലോബൽ ഇന്ത്യൻ ബിസിനസ് ഫോറം നൽകുന്ന ‘എക്സലൻസ് ഇൻ മൾട്ടി ഇൻഡസ്ട്രി’ അവാർഡ്ഈ വർഷം ടിജോ നേടിയ മറ്റൊരു പ്രധാന അംഗീകാരമായി . മലയാളികളുടെ ആഗോള സാന്നിധ്യം ഉയർത്തിപ്പിടിക്കുന്ന മറ്റൊരു തിളക്കമുള്ള വിജയം കൂടിയാണ് ടിജോ ജോസഫിന്റെ ഈ നേട്ടം.
ഗോബൽ ക്നാനായ ടൈംസിൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
